Sunday, March 18, 2007

13.അതിഥി സല്‍ക്കാരം ആപല്‍ക്കരമോ ? (ഹാസ്യം)

സൌഹൃദ സന്ദര്‍ശനങ്ങളും സല്‍ക്കാരങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ
ഭാഗമാണല്ലോ . എങ്കിലും സമകാലിക ജീവിതത്തില്‍ ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു എന്നത്
ഒരു യാഥാര്‍ത്ഥ്യമാണ് ! ഊഷ്മളമേറിയ പല വിരുന്നുസല്‍ക്കാരങ്ങളും ആപത്താണ് എന്ന വസ്തുത അതിഥിയും
ആഥിഥേയനും മനസ്സിലാക്കിയാല്‍ നന്ന് .വിഭവസമൃദ്ധമായ വിരുന്നില്‍ പങ്കെടുക്കുകവഴി നാം അമിതമായി
ആഹാരം കഴിക്കുന്നു. ഇത് ദഹനത്തെ തകരാറിലാക്കുന്നു. അതുകൊണ്ടുതന്നെ പിറ്റേന്ന് ദഹനസംബന്ധമായ
പലപ്രശ്നങ്ങളേയും നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ആതിഥിസല്‍ക്കാരത്തില്‍ വിഭവങ്ങളുടെ എണ്ണം കൂടുക
എന്നുവെച്ചാല്‍ വിരുദ്ധാഹാരങ്ങളുടെ എണ്ണം കൂടുകയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വിരുദ്ധ ഭക്ഷ്യവസ്തുക്കള്‍

കഴിക്കുകവഴി നമ്മുടെ ശരീരം വിഷസങ്കലനത്തിനു വിധേയമാകുന്നു .
ചിലപ്പോള്‍ ,നാം അല്പം മുമ്പ് വയര്‍ നിറയെ ആഹാരം കഴിച്ചിരിയ്ക്കാം
.പക്ഷെ,ആഥിഥേയനാണെങ്കിലോ ഒട്ടേറെ വിഭവങ്ങള്‍ തയ്യാറാ‍ക്കി മേശപ്പുറത്തുവെച്ചിട്ടുമുണ്ട് .അതുകൊണ്ട്
ആതിഥേയനെ തൃപ്തിപ്പെടുത്താനായി അമിതഭക്ഷണം കഴിയ്ക്കാന്‍ നാം തയ്യാറാകുന്നു. മറ്റൊന്ന് ; ചായ ,
കാപ്പി,ശീതളപാനീയങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം അതിഥി സല്‍ക്കാരം വരുത്തിവെയ്ക്കുന്നു എന്നതാണ്
.സാധാരണയായി , ഒരു ദിവസത്തില്‍ കഴിയ്ക്കാറുള്ള തവണ ചായ അഥവാ കാപ്പി നാം കഴിച്ചിട്ടുണ്ടായിരിയ്ക്കും .
പക്ഷെ,ആഥിഥേയന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനുമുമ്പില്‍ ഈ വക പാനീയങ്ങള്‍ നാം വീണ്ടൂം
കഴിക്കേണ്ടിവരുന്നു. ചായ , കാപ്പി മുതലായവയുടെ അമിത ഉപയോഗം
ഉറക്കക്കുറവ്,മലബന്ധം,വിശപ്പില്ലായ്മ,തലവേദന എന്നിവയിലേയ്ക്ക് നയിയ്ക്കാം. പാനീയങ്ങള്‍ അമിതമായി
ഉപയോഗിയ്ക്കുകവഴി ദഹനക്കുറവും കിഡ്‌നിക്ക് അമിതജോലിഭാരവും ഉണ്ടാകുന്നു.
ചിലയിടങ്ങളില്‍ അതിഥിസല്‍ക്കാരത്തിന്റെ ഭാഗമായി ,പ്രധാന ആഹാരത്തിനുമുമ്പ് ,മധുരമുള്ള
എന്തെങ്കിലും പാനീയം നല്‍കുക പതിവുണ്ട് . ഇത് അതിഥിയുടെ വിശപ്പ് കുറയ്ക്കാനേ ഉപകരിക്കൂ എന്ന വസ്തുത എത്ര
ആതിഥേയര്‍ മനസ്സിലാക്കിയിട്ടുണ്ട് ? ചില അതിഥി സല്‍ക്കാരങ്ങളില്‍ മദ്യം പ്രധാന നായകനാ‍യിട്ടുണ്ടാകും !
ഇത്തരം സല്‍ക്കാരങ്ങല്‍ ആരോഗ്യത്തെ മാത്രമല്ല കുടുംബത്തേയും തകര്‍ക്കുന്നു. പല വിഭവസമൃദ്ധമായ
സല്‍ക്കാരങ്ങളിലും ഭക്ഷണം വളരേ നേരത്തെതന്നെ തയ്യാറാക്കിവെയ്ക്കുക പതിവാണ് . ‘പാകം ചെയ്ത് ഒട്ടേറെ
മണിക്കൂറുകള്‍ കഴിഞ്ഞുള്ള ഭക്ഷണം ‘ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയേണ്ടതില്ലല്ലോ .
അതുപോലെത്തന്നെ അതിഥി സല്‍ക്കാരങ്ങളില്‍ (ഹോട്ടലുകളിലും ) ‘മേശപ്പുറത്തെ വൃത്തി ‘ പാകം ചെയ്യുന്ന
വേളയിലുണ്ടായിരിക്കുമെന്ന് നാം ഉറപ്പിയ്ക്കരുത് .
പലരും കുട്ടികളുള്ള വീട്ടിലേയ്ക്ക് സൌഹൃദ സന്ദര്‍ശനം നടത്തുമ്പോള്‍ മിഠായി ,മധുരപലഹാരങ്ങള്‍
എന്നിവ കൊണ്ടുപോകാറുണ്ട് . പല മിഠായികളിലും മധുരപലഹാരങ്ങളിലും നിറത്തിനായി ചേര്‍ക്കുന്ന
രാസവസ്തുക്കള്‍ ആരോഗ്യത്തിന് ദോഷകരമാണ്. മാത്രമല്ല, മുന്‍പറഞ്ഞ ആഹാരപദാര്‍ഥങ്ങളില്‍ മായം
ചേര്‍ക്കാനുള്ള സാദ്ധ്യതയും കൂടുതലാണ് .അതുകൊണ്ടുതന്നെ ഇവ ആഹരിയ്ക്കുകവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം
തകരാറിലാകുന്നു. ദന്തസംബന്ധമായ രോഗങ്ങള്‍ക്ക് വിധേയരാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരേ
കൂടുതലാണെന്നാണ് ഈയിടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത് . ഇതിന് പ്രധാനകാരണമായിപ്പറയുന്നത്
‘മധുര’മെന്ന വില്ലനെയാണ് .
അവസാനമായി പറയുവാന്‍ പോകുന്നത് ,വൃദ്ധജനങ്ങള്‍ നടത്തുന്ന
സൌഹൃദസന്ദര്‍ശനങ്ങളെക്കുറിച്ചാണ്. “വയസ്സായി (റിട്ടയറായി ) , ഒഴിവുസമയം ഒട്ടേറെ ,.നേരം പോകാനായി
അതിഥിയുടെ റോള്‍ അണിഞ്ഞുകളയാം “- എന്നിങ്ങനെ ചിന്തിയ്ക്കുന്നവരും മുന്‍പറഞ്ഞ കൂട്ടത്തിലുണ്ടാകും . ഇവരില്‍
ഭൂരിഭാഗത്തിനും എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടായിരിക്കുമെന്നത് ഒരു വസ്തുതയാണ് . ഹൃദ്രോഗം ,പ്രമേഹം ,ബ്ലഡ്‌
പ്രഷര്‍ എന്നീരോഗങ്ങളാണ് ഇവരില്‍ പ്രധാനമായി കണ്ടുവരാറുള്ളത് . ഈ അസുഖങ്ങളുടെ വര്‍ദ്ധനവ്
ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മധുരം,കൊഴുപ്പ്,ഉപ്പ് എന്നിവയെ ആശ്രയിച്ചിരിയ്ക്കുന്നു എന്ന വസ്തുത നമുക്ക് അറിയാമല്ലോ .
അതുകൊണ്ടൂതന്നെ അതിഥിസല്‍ക്കാരത്തിലെ വിഭവങ്ങള്‍ ഇവരുടെ ദിനചര്യയിലെ ആഹാരരീതികള്‍
തെറ്റിയ്ക്കുകയും രോഗം വര്‍ദ്ധിയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
ഇനി പറയൂ ; അതിഥി സല്‍ക്കാരങ്ങള്‍ അപകടങ്ങളാണോ ? സ്നേഹത്തോടെ സമ്മാനിയ്ക്കുന്ന ഈ
അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും; അതിഥിയ്ക്കും ആതിഥേയനും ശരിയായ ആരോഗ്യചിന്ത കൈവശമായാല്‍
മാത്രം!!

10 comments:

SAJAN | സാജന്‍ said...

സുനിലേ ഇങ്ങനെ നോക്കിയാല്‍ ജീവിതം ബുദ്ധിമുട്ടാണല്ലൊ! കമന്റിന്റെ പോപപ്പ് വിന്‍ഡൊ ഒഴിവക്കിയാല്‍ നല്ലതാണെന്നു തോന്നുന്നു.

viswaprabha വിശ്വപ്രഭ said...

ഇതിലെന്താ ഹാസ്യം!?
പറയുന്നതെല്ലാം അച്ചട്ടും ശരിയാണല്ലോ!

എല്ലാ മലയാളികളും വായിച്ചറിഞ്ഞിരിക്കേണ്ട ഒരു നല്ല ലേഖനം!

ആവനാഴി said...

പറഞ്ഞിരിക്കുന്നതെല്ലാം അക്ഷരം പ്രതി ശരിയാണു.
സല്‍ക്കാരങ്ങള്‍ കുറെക്കൂടി ഉത്തരവാദിത്വപരമായി ‍ നടത്തണം എന്നു സാരം.

ഭക്ഷണം കഴിക്കാന്‍ മാത്രമല്ലല്ലോ ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ചു കൂടുന്നത്. അതിനൊരു സാമൂഹ്യവശം കൂടി ഉണ്ടല്ലോ.

ഭക്ഷണം അതിന്റെ ഒരു ഭാഗമാണു. അതു ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ ഉള്‍പ്പെടുത്തുക.

അപ്പു said...

കുഞ്ഞുണ്ണിമാഷ് പാടിയപോലെ
“മുട്ടായിയും ബുദ്‌ധിയും ചേര്‍ന്നാല്‍
ബുദ്‌ധിമുട്ടായി നിശ്ചയം....”

സൂര്യോദയം said...

പല വിരുന്നുസല്‍ക്കരങ്ങളിലും (കല്ല്യാണം പോലെ) ഭക്ഷണത്തിനുമുന്‍പ്‌ നല്‍കുന്ന ആ മധുരപാനീയം ഒരു പാരയാണെന്ന് പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്‌... ഇത്‌, വരുന്നവര്‍ തിന്ന് മുടിയ്ക്കാതിരിയ്ക്കാനുള്ള തന്ത്രമാണെന്ന് മനസ്സിലാക്കാന്‍ വല്ല്യ ബുദ്ധിയൊന്നും വേണ്ട (എനിയ്ക്ക്‌ പോലും മനസ്സിലായി). ആ കുടിയ്ക്കുന്ന മധുരപാനീയം എന്തുമായിക്കൊള്ളട്ടേ, അതിന്റെ പേര്‌ ഞങ്ങള്‍ സുഹൃത്തുക്കള്‍ നല്‍കിയിരിയ്ക്കുന്നത്‌ 'വിശപ്പവസാനി' എന്നാണ്‌.. :-)

കരിപ്പാറ സുനില്‍ said...

പ്രതികരണത്തിനു നന്ദി
ശ്രീ‍ വിശ്വപ്രഭ പറഞ്ഞതിലും കാര്യമുണ്ട് .
പക്ഷെ,സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ആചാരത്തെ വിമര്‍ശന വിധേയമാക്കുമ്പോള്‍ ശ്രദ്ധിയ്ക്കണമല്ലോ.അപ്പോള്‍ പിന്നെ ഒരു മുന്‍‌കരുതലായി‘ഹാസ്യം’ എന്ന ലേബല്‍ കിടക്കട്ടെ എന്നുകരുതി.
കരിപ്പാറ സുനില്‍

കരിപ്പാറ സുനില്‍ said...

നന്ദി,ശ്രീ സൂര്യോദയം
ഊണിനുമുമ്പ് മധുരപാനീയം കഴിച്ചാല്‍ അതിലെ മധുരം വളരെ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യും
ശരീരത്തില്‍ ആവശ്യത്തിന് ഗ്ലൂക്കോസിന്‍‌റ്റെ അളവ് ലഭ്യമായാല്‍ പിന്നെ ശരീരത്തിന് ഭക്ഷണം ആവശ്യമില്ലല്ലോ. ഭക്ഷണം ആവശ്യമില്ലെങ്കില്‍ പിന്നെ വിശപ്പ് ഉണ്ടാകുകയില്ലല്ലോ.പിന്നെ നാം കഴിക്കുന്നത് ആര്‍ത്തി മൂലമാണ്....കരിപ്പാറ സുനില്‍

ദേവന്‍ said...

ശരിക്കും കറങ്ങിപ്പോകുന്നത് വിവാഹം ക്ഷണിക്കാന്‍ പോകുമ്പോഴാണ്. പത്തിരുപത് വീടു കയറിയതാണ്, ഇനി ഒന്നും തരല്ലേ എന്ന് കാലുപിടിച്ചാല്‍ എന്നാല്‍ സ്ക്വാഷെടുക്കാമെന്നാകും വീട്ടുകാര്‍. അതും വേണ്ടെന്നു പറഞ്ഞാല്‍ അപ്പോ ഷുഗര്‍ ഉണ്ടല്ലേ, എന്നാല്‍ വിത്തൌട്ട് കാപ്പി എടുക്കാം എന്നു പറഞ്ഞ് അപമാനിക്കുകയും ചെയ്യും.

സു | Su said...

കുട്ടികള്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ കൊണ്ടുപോകണം. ഇല്ലെങ്കില്‍ മോശം. ഫ്രൂട്സ് ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷെ കുട്ടികള്‍ക്ക്, ചോക്ലേറ്റ് ബാര്‍ കാണുന്ന സന്തോഷമൊന്നും ഫ്രൂട്സ് കണ്ടാല്‍ ഇല്ല.

വീട്ടില്‍ വന്നാല്‍, ചായ എങ്കിലും കൊടുത്തില്ലെങ്കില്‍ മോശം. കരിങ്ങാലി വെള്ളം എടുക്കട്ടെ കുടിക്കാന്‍ എന്ന് ചോദിക്കാന്‍ പറ്റുമോ? മഹാമോശം.

മറ്റുള്ളവരുടെ വീട്ടില്‍ പോകുമ്പോള്‍ അവര്‍ തരുന്നതൊക്കെ വാരിവലിച്ചുകഴിച്ചാല്‍, അവര്‍ക്ക് തൃപ്തി. ഇതിനുമുമ്പ് കയറിയ വീട്ടില്‍ നിന്ന് ചായ കുടിച്ചു എന്നു പറഞ്ഞാല്‍, എന്നാല്‍ ഇവിടെ കാപ്പിയുണ്ടാക്കാം എന്ന് പറയും.

സല്‍ക്കാരം സ്വീകരിക്കലും, സല്‍ക്കരിക്കലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

അതുല്യ said...

കാലങ്ങളായി കൊച്ചീലും എന്റെ വീട്ടിലും, വേനല്‍ കാലമെങ്കില്‍ :

മോരു 1: 7 (വെള്ളം 7 :) രേഷ്യോവില്‍ സംഭാരം കലക്കി, ഇതിലേയ്ക്‌ ഒരു തുണിയില്‍ (അല്‍പം അവിടെ അവിടെ സഫെട്ടിപിന്‍ കൊണ്ട്‌ ഊട്ട ഉണ്ടാക്കീതില്‍ (പച്ചമുളക്‌/പുതിന/പച്ചകൊത്തമല്ലി/കായം/ജീരകം/കാലാനമക്‌/എന്നിവ അരച്ചത്‌ കിഴി കെട്ടി ഇട്ട്‌ വച്ച പാനീയം ആണു കൊടുക്കാറു. നിര്‍ബ്ബദ്ധിച്ച്‌ കൊടുക്കാറില്ല. മേശപുറത്ത്‌ വയ്കും വലിയ കുപ്പിയില്‍. പല സ്ഥലത്തും കേറി ഇറങ്ങി വരുന്നവര്‍ പൊതുവേ അല്‍പം വിശ്രമം ആണു കാംക്ഷിയ്കാറു. അതോണ്ട്‌ വല്ലതും സംസാരിച്ച്‌ ഇരിയ്കുകയോ മറ്റ്‌ ചെയ്യുന്നത്‌ ഉത്തമം പോവുമ്പോ വേണമെങ്കില്‍ അല്‍പം സംഭാരം ആവാം എന്നുണ്ടെങ്കില്‍ കൊടുക്കും. അല്ലെങ്കില്‍, ഇനി ഒരിയ്കല്‍ ആവം. (ഇക്കാസേ സാക്ഷ്യം പറ :)


തണുപ്പ്‌ കാലമെങ്കില്‍ : കട്ടന്‍ ചായയുണ്ടാക്കി അല്‍പം പഞ്ചസാര ഇട്ട്‌ ഒരോ പുതിനിയിലെ ഒരോ ഗ്ലാസിലുമിട്ട്‌ ഒരു കഷ്ണം നാരങ്ങയും വയ്കും. വേണമെങ്കില്‍ ആവാം. ദുബായിലെ പാലൊഴിച്ച്‌ ഞങ്ങളും, വരുന്നവരേയും "ദ്രോഹിയ്കാറില്ല". ഇനി ചായ മതി, തരൂ എന്ന് പറയുന്നവരെങ്കില്‍, കൊടുക്കും.

കുട്ടികളുള്ള വീടിലേയ്ക്‌ പോവുമ്പോള്‍, കുറെ കാലമായി ഞാന്‍ (ദയവായി ശര്‍മ്മാജീനെ ആരും വീട്ടില്‍ കയറ്റരുത്‌, ഒരു ലോഡ്‌ മിട്ടായി കുട്ടികളുള്ള വീടെങ്കില്‍ നാലു നേരവും ആ വീട്ടില്‍ പോയി കൊടുത്തിട്ട്‌ വരും), അതോണ്ട്‌ ഞാന്‍ സന്ദര്‍ശന വേളകളില്‍ പ്രായത്തിനു ചേര്‍ന്ന ബുക്കുകള്‍ ആണു കൊടുക്കാറു. കൂട്ടത്തില്‍ ഒരു കാര്‍ട്ടുന്‍ ഓറിയന്റട്‌ യങ്ങ്‌ റ്റൈംസോ ട്വിന്‍കിളോ വയ്കും, അല്ലെങ്കില്‍ ഒരു പസ്സില്‍. (ദല്‍ഹി കോനാട്ട്‌ പ്ലേസിലോ/റെയില്വെ പരിസരത്തോ ഒക്കെ കാര്‍ട്ടന്‍ കണക്കിനു കുട്ടികളുടെ പഴയ എടിഷന്‍ ബുക്കുകളും പഞ്ച തന്ത്ര കഥ പോലത്തെ ബുക്കുകളോ കിട്ടും. ഫോര്‍ ഇന്‍ഫൊ :) )

CONTENTS