Thursday, February 28, 2008

26.കീടനാശിനിയില്ലാതെ കാബേജ് കൃഷി ശ്രദ്ധയാകര്‍ഷിക്കുന്നു.

.
തൃശൂര്‍ : തണുപ്പുള്ളതും ഉയരമേറിയ പ്രദേശത്തുമാത്രം വളരുന്ന കാബേജ് പ്രതികൂല കാലാവസ്ഥയില്‍ വിളയിച്ച ഗ്രാമീണ കര്‍ഷകന്‍ മാതൃകയാകുന്നു.പാണംചേരി വഴുക്കും‌പാറയിലെ ഗോപിനാഥനാണ് വെജിറ്റബിള്‍ & ഫ്രൂട്ട്‌സ് കൌണ്‍സിലിന്റെ സഹായത്തോടെ കാബേജ് കൃഷി കീടനാശിനി ഉപയോഗിക്കാതെ വിജയകരമായി നടത്തി ശ്രദ്ധേയനാവുന്നത് .ശരാശരി രണ്ടരകിലോ തൂക്കമുള്ള നൂറ്റി അമ്പതോളം കാബേജ് ചെടികള്‍ ഗോപിനാഥിന്റെ തോട്ടത്തിലുണ്ട് .ഒരു ചെടിയില്‍ ഒന്‍‌പതു കാബേജ് വിരിഞ്ഞ അത്ഭുതവും ഇവിടെ കാണാം .
എറണാകുളത്തു നടന്ന സംസ്ഥാന കാര്‍ഷികോത്സവത്തില്‍ ഗോപിനാഥിന്റെ കൂറ്റന്‍ കാബേജ് ഒന്നാംസ്ഥാനം നേടിയിരുന്നു.
കാബേജ് ,കോളി ഫ്ലവര്‍ പോലുള്ള ശീതകാല പച്ചക്കറികള്‍ ഇവിടെ വളരില്ലെന്നും ഉണ്ടായാല്‍ തന്നെ വലുപ്പം വെക്കില്ലെന്നും ഉള്ള ധാരണയാണ് ഗോപിനാഥന്‍ തിരുത്തിയത് . വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രോമോഷന്‍ കൌണ്‍സിലിന്റെ ‘ പങ്കാളിത്ത വിദ്യാ വികസനം ‘ പരിപാടിയുടെ ഭാഗമായാണ് കാബേജ് കൃഷി നടത്തിയത് . വാഴക്കിടയില്‍ ഇടവിളയായി അരയേക്കറിലായിരുന്നു പരീക്ഷണം . കൌണ്‍സില്‍ ഉദ്യോഗസ്ഥരായ ശിവദാസ് , മിനി, ജോസഫ് ജോണ്‍ തേറാട്ടില്‍ എന്നിവര്‍ മേല്‍‌നോട്ടം വഹിച്ചു. ഒട്ടേറെ കര്‍ഷകര്‍ ഗോപിയുടെ തോട്ടം കാണുവാന്‍ എത്തുന്നുണ്ട്.

No comments:

CONTENTS